|
ഇന്ത്യയിലെ സംസ്ഥാനങ്ങളില്‍ റോഡ് സാന്ദ്രത ഏറ്റവും കൂടുതലുള്ള പ്രദേശമാണു കേരളം. സംസ്ഥാനത്തിന്റെ ഓരോ മുക്കും മൂലയും വാഹന ഗതാഗതയോഗ്യമായ റോഡുകളാല്‍ ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു. രാജ്യത്തെവിടെയും യാത്രചെയ്യുന്നതിനും ചരക്കുനീക്കം നടത്തുന്നതിനും സൗകര്യപ്പെടുന്ന വിധത്തില്‍ പൊതുമേഖലയിലും സ്വകാര്യ മേഖലയിലുമായി വാഹനഗതാഗതം അസൂയാവഹമായ വളര്‍ച്ച പ്രാപിച്ചിട്ടുണ്ട്. NH 47, NH 17, NH 49, NH 47-A, NH 208, NH 212, NH 213, NH 220 എന്നിങ്ങനെ മൊത്തം 1524 കി. മീ. ദൈര്‍ഘ്യമുള്ള എട്ടു പ്രധാന ദേശീയപാതകളാണ് സംസ്ഥാനത്തുള്ളത്. 2006 - 07-ല്‍ സംസ്ഥാനത്തെ മൊത്തം റോഡുകളുടെ ദൈര്‍ഘ്യം മുന്‍വര്‍ഷത്തെ 160, 944 കിലോ മീറ്ററില്‍ നിന്ന് 162, 149 കിലോ മീറ്ററായി വര്‍ദ്ധിച്ചു. കേരളത്തിലെ റോഡ് സാന്ദ്രത 100 ചതുരശ്ര കിലോ മീറ്ററില്‍ 417 കി. മീ. ആകുന്നു. 100 ചതുരശ്ര കിലോമീറ്ററില്‍ 100.39 കി. മീ. എന്ന ദേശീയ ശരാശരിയുടെ സ്ഥാനത്താണ് കേരളത്തിന്റെ ഈ നേട്ടം. ദേശീയ ശരാശരിയില്‍ ഒരു ലക്ഷം പേര്‍ക്കു ലഭ്യമായ റോഡിന്റെ നീളം 321.3 കിലോമീറ്ററാണെങ്കില്‍ കേരളത്തില്‍ അത് 509.23 കി. മീ. ആണ്.
|