ഹ്രസ്വകാല, ദീര്‍ഘകാല വായ്‌പാവശ്യങ്ങള്‍ നിവര്‍ത്തിക്കുന്നതിന് ധനകാര്യ സ്ഥാപനങ്ങളുടെ അതിവിപുലവും അങ്ങേയറ്റം വികസിച്ചതുമായ ഒരു ശൃംഖലയുണ്ട് ഇന്ത്യയില്‍. ഊര്‍ജ്ജിതവും ശക്തിമത്തുമായ ഓഹരി വിപണി സമ്പ്രദായവും ഇവിടെ വളര്‍ന്നു കഴിഞ്ഞു. ഇന്ത്യയുടെ വിപുലമായ ധനവിപണി കൈകാര്യം ചെയ്യുന്നതിന് സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളും മ്യൂച്ച്വല്‍ ഫണ്ടുകളും മര്‍ച്ചന്റ് ബാങ്കുകളും ബ്രോക്കര്‍മാരുമടങ്ങുന്ന വലിയൊരു സംവിധാനവും നിലവിലുണ്ട്.
സിറ്റി ബാങ്ക്, ബാങ്ക് ഓഫ് അമേരിക്ക, ഗ്രിന്‍ഡ്‌ലേസ് ബാങ്ക്, സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്ക്, ബാങ്ക് ഓഫ് ടോക്യോ, ബാങ്ക് നാഷനാലെ ദെ പാരിസ്, സ്വിസ് ബാങ്ക്, ഡച്ച് ബാങ്ക് തുടങ്ങിയ രാജ്യാന്തര ബാങ്കിങ് ഗ്രൂപ്പുകള്‍ അവരുടെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ വളരെ വേഗം വിപുലീകരിച്ചു കഴിഞ്ഞു. കോര്‍പ്പറേറ്റ് മേഖലയ്‌ക്ക് സേവനം നല്‌കുന്നതിനായി രാജ്യത്തിനുള്ളിലെ ബാങ്കുകളും ശക്തമായി മുന്നോട്ടു വന്നിരിക്കുന്നു.
ഒരു പദ്ധതിയുടെ ഓഹരി മൂലധനത്തില്‍ ഭാഗിക പങ്കാളിത്തം വഹിക്കുന്നതിനും മൊത്തം വായ്‌പാവശ്യങ്ങള്‍ സാധിപ്പിക്കുന്നതിനുമായി KSIDC പോലുള്ള സംസ്ഥാനതല ധനകാര്യ സ്ഥാപനങ്ങളും ദേശീയ ധനകാര്യ സ്ഥാപനങ്ങളായ ഇന്‍ഡസ്‌ട്രിയല്‍ ഡെവലപ്‌മെന്റ് ബാങ്ക് ഓഫ് ഇന്ത്യ, ഇന്‍ഡസ്‌ട്രിയല്‍ ഫൈനാന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, ഇന്‍ഡസ്‌ട്രിയല്‍ ക്രെഡിറ്റ് ആന്റ് ഇന്‍വെസ്റ്റ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ എന്നിവരുമുണ്ട്.
ദീര്‍ഘകാല വായ്‌പകളും ഓഹരികളുമായാണ് ഒരു പദ്ധതി സ്ഥാപിക്കുന്നതിനാവശ്യമായ മുതല്‍മുടക്കു സ്വരൂപിക്കുന്നത്. ഇതിനു സാധാരണയായി 1 : 5 : 1 എന്ന വായ്‌പാ ഓഹരി അനുപാതം പിന്തുടരുന്നു. വായ്‌പ തിരിച്ചടയ്‌ക്കാനുള്ള കമ്പനിയുടെ ശേഷിക്കനുസൃതമായി 8 വര്‍ഷം മുതല്‍ പത്തു വര്‍ഷം വരെ കാലയളവിനുള്ളില്‍ വായ്‌പ അടച്ചു തീര്‍ക്കേണ്ടതാണ്. ഇതിനു തുടക്കത്തില്‍ രണ്ടു വര്‍ഷത്തെ മോറട്ടോറിയം അനുവദിച്ചിട്ടുണ്ട്. മൊത്തം പദ്ധതിച്ചെലവിന്റെ 25 ശതമാനം പ്രൊമോട്ടര്‍മാര്‍ കൊണ്ടു വരണം. പ്രൊമോട്ടര്‍മാരുടെ പങ്കില്‍ ഒരു ഭാഗം KSIDC പോലുള്ള സംസ്ഥാനതല ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നു സ്വീകരിക്കാവുന്നതാണ്.
വായ്‌പയെടുക്കാവുന്ന പരമാവധി തുക സുസ്ഥിര ആസ്‌തിയുടെ 75 ശതമാനമെന്നു പരിമിതപ്പെടുത്തിയിട്ടുണ്ട്. പ്രൊമോട്ടര്‍മാര്‍ക്ക് പ്രാഥമിക വിപണിയില്‍ നിന്ന് ഓഹരി മൂലധനം സ്വരൂപിക്കാവുന്നതാണ്. ഓഹരി വിപണി മുഖേന മൂലധനം സ്വരൂപിക്കുന്നതിന് പുറപ്പെടുവിച്ച ഓഹരിയുടെ 25 ശതമാനമെങ്കിലും പൊതു വില്‌പനയ്‌ക്കു മാറ്റിവെക്കേണ്ടതുണ്ട്. പുറപ്പെടുവിച്ച ഓഹരിയുടെ 25 ശതമാനമെങ്കിലും പ്രൊമോട്ടര്‍മാരുടെ കൈവശമുണ്ടായിരിക്കണം.
|