സന്ദര്‍ശകര്‍website statistics
 
Investment Opportunity In Food Processing Unit At Kozhikode, Kerala     Questionnaire for Medium & Large Scale Industries in Kerala     FDI Policy 2011    
 
 
കാപ്പി
 
വലിയൊരളവില്‍ കയറ്റുമതി ലാക്കാക്കി കൃഷി ചെയ്യപ്പെടുന്ന വിളയാണ്‌ കാപ്പി. ആഭ്യന്തര ഉല്‌പാദനത്തിന്റെ എണ്‍പതു ശതമാനവും കയറ്റുമതി ചെയ്യുകയാണ്‌. ഇന്ത്യയില്‍ നിന്നുള്ള കാപ്പിയുടെ കയറ്റുമതി 2005 - 06-ല്‍ 201555 മെട്രിക്‌ ടണ്ണായിരുന്നത്‌ 2006 - 07-ല്‍ 249030 മെട്രിക്‌ ടണ്ണായി ഉയരുകയുണ്ടായി. ഒരു വര്‍ഷം കൊണ്ട്‌ 23.6% ഉല്‌പാദന വര്‍ദ്ധനവുണ്ടായ കാപ്പിയുടെ മൊത്തം കയറ്റുമതി മൂല്യം അക്കൊല്ലം 2007.09 കോടി രൂപയാണ്‌. തലേവര്‍ഷം കയറ്റുമതി വരുമാനത്തിലുണ്ടായ വര്‍ദ്ധന 23.3 ശതമാനമായിരുന്നെങ്കില്‍ 2006 - 07-ല്‍ അത്‌ 32.9 ശതമാനമായി ഉയര്‍ന്നു. ഇന്ത്യയില്‍ നിന്ന്‌ ഏറ്റവും കൂടുതല്‍ കാപ്പി ഇറക്കുമതി ചെയ്യുന്ന രാജ്യം ഇറ്റലിയാണ്‌. 62,786 ടണ്‍ കാപ്പിയാണ്‌ 2006 - 07-ല്‍ ഇറ്റലി ഇന്ത്യയില്‍ നിന്ന്‌ ഇറക്കുമതി ചെയ്‌തത്‌. റഷ്യയും ജര്‍മ്മനിയും തൊട്ടുപിന്നില്‍ നില്‌ക്കുന്നു.

കര്‍ണ്ണാടകവും കേരളവും തമിഴ്‌നാടുമാണ്‌ പരമ്പരാഗതമായി കാപ്പി കൃഷി ചെയ്‌തു വരുന്ന ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ . 2006 - 07-ല്‍ രാജ്യത്ത്‌ മൊത്തം 3.28 ലക്ഷം ഹെക്ടറില്‍ കാപ്പി കൃഷി ചെയ്‌തിരുന്നു. ഇതില്‍ കേരളത്തിലെ കാപ്പിത്തോട്ടങ്ങളുടെ വിസ്‌തീര്‍ണ്ണം 0.846 ലക്ഷം ഹെക്ടറാണ്‌. അതായത്‌ കാപ്പി കൃഷി ചെയ്യുന്ന ആകെ വിസ്‌തീര്‍ണ്ണത്തിന്റെ 26 ശതമാനം. പ്രസ്‌തുത കൊല്ലം ഇന്ത്യയിലെ മൊത്തം കാപ്പി ഉല്‌പാദനം 2.82 ലക്ഷം മെട്രിക്‌ ടണ്ണും അതില്‍ കേരളത്തിന്റെ പങ്ക്‌ 0.59 ലക്ഷം മെട്രിക്‌ ടണ്ണുമായിരുന്നു. ഇത്‌ ദേശീയോല്‌പാദനത്തിന്റെ 21 ശതമാനമാണ്‌. കേരളത്തില്‍ കൃഷി ചെയ്യുന്ന മുഖ്യ ഇനം റോബസ്‌റ്റയാകുന്നു. സംസ്ഥാനത്ത്‌ കാപ്പി കൃഷി ചെയ്യുന്ന മൊത്തം വിസ്‌തീര്‍ണ്ണത്തിന്റെ 95 ശതമാനം പ്രദേശത്താണ്‌ റോബസ്‌റ്റ കൃഷിയുള്ളത്‌.

കര്‍ഷകത്തൊഴിലാളികളുള്‍പ്പെടെ ഒരു ലക്ഷം കുടുംബങ്ങളുടെ ഉപജീവനമാര്‍ഗ്ഗമാണ്‌ കാപ്പിക്കൃഷി. കേരളത്തില്‍ ചെറുകിട തോട്ടവിളകളിലൊന്നാണു കാപ്പി. ശരാശരി 1.1 ഹെക്ടര്‍ വിസ്‌തീര്‍ണ്ണമുള്ള എഴുപത്താറായിരത്തോളം കാപ്പിത്തോട്ടങ്ങളാണ്‌ സംസ്ഥാനത്തുള്ളത്‌.

ഇന്ത്യയില്‍ നിന്നു കയറ്റിയയയ്‌ക്കുന്ന കാപ്പിയുടെ സിംഹഭാഗവും കൊച്ചിത്തുറമുഖം വഴിയാണ്‌ പുറത്തേയ്‌ക്കു പോകുന്നത്‌. ഇത്‌ മൊത്തം കയറ്റുമതിയുടെ 41.82 ശതമാനമാകുന്നു. തൊട്ടുതലേ വര്‍ഷത്തെ അപേക്ഷിച്ച്‌ 2006 - 07-ല്‍ കൊച്ചിയില്‍ നിന്നുള്ള കാപ്പിക്കയറ്റുമതിയില്‍ 14.3 ശതമാനം വര്‍ദ്ധനവുണ്ടായിട്ടുണ്ട്‌.
 
  Designed by Invis Multimedia